മുൻ പ്രസിഡന്റ് ഡോ.എപിജെ അബ്ദുൾ കലാമിന്റെ ഓർമ്മകൾക്ക് ഇന്ന് 7 വയസ്സ്. അവുൽ പക്കിർ ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന എപിജെ അബ്ദുൾ കലാമിന്റെ മുഖമുദ്ര ലാളിത്യമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രസിഡന്റുമാരിൽ ഒരാൾ. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയും ഏറ്റവും ജനപ്രിയനായ രാഷ്ട്രപതിമാരിൽ ഒരാളുമായിരുന്നു കലാം.
ഒരു പ്രതിസന്ധിയിലും തന്റെ സംയമനം കൈവിടാത്ത കലാം കുട്ടികൾക്കും യുവാക്കൾക്കും പ്രചോദനമായിരുന്നു. സ്പേസ് എഞ്ചിനീയറിംഗ് പഠിച്ച ശേഷം ഡി.ആർ.ഡി.ഒ.യിൽ ശാസ്ത്രജ്ഞനായി. അവിടെ നിന്ന്, ഇന്ത്യയുടെ അഭിമാനമായ ഐ.എസ്.ആർ.ഒ.യിലേക്ക്.
വിക്രം സാരാഭായി വിഭാവനം ചെയ്ത ദശവത്സര പദ്ധതിയിലൂടെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ എ.പി.ജെ അബ്ദുൾ കലാമിന് കഴിഞ്ഞു. ലോകോത്തര ഹ്രസ്വ, ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് മൂന്ന് സേനകളെയും ആധുനികവത്കരിച്ച ഇന്ത്യയുടെ ‘മിസൈൽ മാൻ’ എന്നറിയപ്പെടുന്ന കലാം ഇന്ത്യയ്ക്ക് അഭിമാനമായി.