കൊച്ചി: ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുന്നു. കളമശേരിയിലെ പൊലീസ് കേന്ദ്രത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കാലടി സ്വദേശി റോസ്ലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
അതേസമയം മൂന്നാം പ്രതി ലൈലയ്ക്ക് ജാമ്യം അനുവദിക്കണമെന്ന ആവശ്യം എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം തേടിയത്. ലൈല കേസിലെ മുഖ്യപ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ലൈലയുടെ അഭിഭാഷകൻ ജാമ്യാപേക്ഷയിൽ വാദിച്ചു. ഒന്നാം പ്രതിയുടെ കുറ്റസമ്മതത്തിൽ ലൈലയെ കുറിച്ച് പരാമർശമുണ്ടെങ്കിലും കുറ്റകൃത്യത്തിൽ ലൈലയ്ക്ക് നേരിട്ട് പങ്കില്ല. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല. ഏതുതരം നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണ്. ലൈലയുടെ മൊഴിയിൽ നിന്നാണ് ഇരകളുടെ മൃതദേഹങ്ങൾ ഉൾപ്പടെ കണ്ടെടുത്തതെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ കൊലപാതകത്തിൽ ലൈലയ്ക്ക് നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയും ലൈലയുമാണ് റോസ്ലിന്‍റെ കഴുത്ത് വെട്ടിയത്. ലൈലയുടെ സഹായത്തോടെയാണ് പത്മയുടെ കൊലപാതകവും നടന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച് കോടതി ജാമ്യാപേക്ഷ തള്ളി.