Spread the love

കേരളം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ.യിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായ സമയത്ത് മുൻകരുതൽ നടപടിയെന്ന നിലയിൽ അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ നില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മങ്കിപോക്സിന് സമാനമായ ലക്ഷണങ്ങളുള്ളവരെ പരിശോധിച്ച് നിരീക്ഷണം ശക്തമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. മാസ്ക് ധരിക്കുന്നതും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും എല്ലാവരും ശീലമാക്കണം. വിഷമിക്കേണ്ട കാര്യമില്ല. കൊവിഡിനെപ്പോലെ നമുക്ക് മങ്കിപോക്സ് തടയാനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്ന് എത്തിയത് മുൻകരുതൽ നടപടികൾ സ്വീകരിച്ചാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരം അറിയിച്ചു. രോഗി ഉൾപ്പെടെ വീട്ടിലുള്ളവർ, രോഗി ആദ്യം കൊല്ലത്ത് പോയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ, ടാക്സി ഡ്രൈവർ എന്നിവരെ പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയതായും മന്ത്രി അറിയിച്ചു.

By newsten