Spread the love

ഡല്‍ഹി: ദയാവധത്തിനായി സ്വിറ്റ്‌ലര്‍ലന്‍ഡിൽ പോകുന്ന സുഹൃത്തിന് യാത്രയ്ക്ക് അനുമതി നല്‍കരുത് എന്ന ആവശ്യവുമായി 49കാരി യുവതി കോടതിയിൽ. 40കളുടെ അവസാനത്തിലുള്ള തന്‍റെ സുഹൃത്ത് മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗം മൂലം ബുദ്ധിമുട്ടുകയാണെന്നും ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് വേണ്ടി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോവുകയാണെന്നും അദ്ദേഹത്തിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്ന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സുഹൃത്തായ സ്ത്രീ ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്.

2014ൽ തന്‍റെ സുഹൃത്തിൽ രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്നും പിന്നീട് രോഗം മൂർച്ഛിച്ചപ്പോൾ ചലനശേഷി നഷ്ടപ്പെട്ടുവെന്നും വീടിനുള്ളിൽ ഏതാനും ചുവടുകൾ മാത്രമേ നടക്കാൻ കഴിഞ്ഞുള്ളൂവെന്നും പരാതിക്കാരി പറയുന്നു. നേരത്തെ എയിംസിൽ ചികിത്സയിലായിരുന്ന ഇയാൾ കൊവിഡ് വ്യാപനത്തെ തുടർന്ന് ചികിത്സ നിർത്തിവച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഈ വിഷയം സുഹൃത്തിന്‍റെ പ്രായമായ മാതാപിതാക്കൾ, മറ്റ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്ക് വളരെയധികം മനോവിഷമമുണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു.

ഇന്ത്യയിലോ വിദേശത്തോ ചികിത്സക്കാനുള്ള പണം ലഭിക്കാൻ ബുദ്ധിമുട്ടില്ലെന്നും എന്നാൽ രോഗിയായ സുഹൃത്ത് ഇപ്പോൾ ദയാവധത്തിനായി വാശിപിടിക്കുകയാണെന്നും എന്നാൽ ചികിത്സയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ഹർജിക്കാരി പറഞ്ഞു. ചികിത്സയ്ക്കായുള്ള യാത്ര എന്ന നിലയില്‍ സുഹൃത്തിന് വിസ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഒരു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.

By newsten