കനഗാവ: ലോകമെമ്പാടുമുള്ള വിലക്കയറ്റം മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും മനുഷ്യരുടെ സംരക്ഷണത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജപ്പാനിലെ ഒരു അക്വേറിയത്തിലെ ചില പെൻഗ്വിനുകൾ വില കുറഞ്ഞ കഴിക്കാൻ സമ്മതിക്കുന്നില്ലെന്നതാണ് ഏറ്റവും പുതിയ വാർത്ത. ജപ്പാനിലെ കനഗാവ മേഖലയിലെ ഹക്കൂനിയൻ അക്വേറിയത്തിലാണ് സംഭവം. ഇവിടുത്തെ പെൻഗ്വിനുകൾ പതിവായി ഹോഴ്സ് മാക്വറൽ പോലുള്ള വിലകൂടിയ മത്സ്യങ്ങളാണ് ഭക്ഷിച്ചിരുന്നത്. ഈ മത്സ്യങ്ങൾ ജാപ്പനീസ് ഭാഷയിൽ അജി എന്നറിയപ്പെടുന്നു.
എന്നിരുന്നാലും, കൊവിഡ് കാലത്തെ വില വർദ്ധനവും തുടർന്നുള്ള ലോക്ക്ഡൗൺ നടപടികളും അക്വേറിയം അധികൃതരെ പ്രതിസന്ധിയിലാക്കിയി. വിലയേറിയ മത്സ്യം നൽകുന്നതിന് പകരം വിലകുറഞ്ഞ മത്സ്യം നൽകാൻ അധികൃതർ തീരുമാനിച്ചു. എന്നാൽ ചില പെൻഗ്വിനുകൾ കഴിക്കാൻ മടി കാണിക്കാൻ തുടങ്ങി. തങ്ങൾക്ക് നൽകുന്ന മത്സ്യങ്ങളെ കടിച്ച് നോക്കി പതിവ് ഭക്ഷണമല്ലെന്ന് വേഗത്തിൽ മനസ്സിലാക്കുകയും തുപ്പിക്കളയുകയുമാണ് ഇവരുടെ പതിവെന്ന് അക്വേറിയത്തിന്‍റെ തലവൻ ഹിരോകി ഷിമമോട്ടോ പറഞ്ഞു. തീരെക്കഴിക്കാത്തവയ്ക്ക് രഹസ്യമായി അജി മത്സ്യങ്ങൾ തന്നെ നൽകുന്നുണ്ടെന്നും ഹിരോകി പറയുന്നു.
വിലക്കയറ്റത്തിനൊപ്പം ജപ്പാനിലെ മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധിയും മത്സ്യലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇതോടെ അക്വേറിയം അധികൃതർ വിലകുറഞ്ഞ മത്സ്യവും വിലകൂടിയ മീനും കൂട്ടി കലർത്താൻ തുടങ്ങി. തുടക്കത്തിൽ ഈ മിശ്രിതം ചെറിയ അളവിലായിരുന്നു നൽകിയത്. എന്നാൽ ഇപ്പോൾ അക്വേറിയം അധികൃതർ പറയുന്നത്, പെൻഗ്വിനുകളുടെ ഭക്ഷണത്തിന്‍റെ നല്ലൊരു ഭാഗം വിലകുറഞ്ഞ മത്സ്യമാണെന്നാണ്. പെൻഗ്വിനുകൾ മാത്രമല്ല, ഒട്ടറുകൾ എന്നറിയപ്പെടുന്ന മൃഗങ്ങളും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നു. പെൻഗ്വിനുകൾ തുപ്പിക്കളയുകയാണെങ്കിൽ, ഒട്ടറുകൾ മത്സ്യത്തെ കടിച്ച് വലിച്ചെറിയുന്നു. പെൻഗ്വിനുകൾ, ഒട്ടറുകൾ, സീലുകൾ, സ്രാവുകൾ എന്നിവയുൾപ്പെടെ 32,000 മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് അക്വേറിയം.