കൊച്ചി: കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം. ബസുകളിലെ പ്രഷർ ഹോണുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നഗരത്തിൽ നോ-ഹോൺ, സൈലന്‍റ് സോൺ ബോർഡുകൾ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു.
കൊച്ചി നഗരത്തിലെ പാർക്കിംഗ്, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. നഗരത്തിൽ ബസുകൾ ഹോൺ മുഴക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാൽ, ബസുകൾ വലിയ ശബ്ദത്തോടെ ഹോൺ മുഴക്കുന്നത് തുടരുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കൃത്യമായി ശ്രദ്ധിക്കാതെ ഓട്ടോറിക്ഷകൾ വലത്തോട്ട് തിരിയുന്നത്. മിക്ക ഓട്ടോറിക്ഷകളിലും പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കണ്ണാടിയില്ല. ബസുകളിലും ഓട്ടോറിക്ഷകളിലും ആവശ്യമായ റിയർ വ്യൂ മിററുകൾ ഉറപ്പാക്കാൻ പൊലീസ് നിർദ്ദേശം നൽകണം. ശരിയായ സ്റ്റോപ്പുകളിൽ നിർത്തി മാത്രമേ ആളുകളെ കയറ്റിവൂ. നഗരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ നോ-ഹോൺ, സൈലന്‍റ് സോൺ ബോർഡുകൾ സ്ഥാപിക്കണം. യാത്രക്കാർക്ക് പരാതി നൽകാൻ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ രണ്ട് ടോൾ ഫ്രീ നമ്പറുകൾ രേഖപ്പെടുത്തണം. ഗ്രൗണ്ടിൽ സ്ഥലമുണ്ടായിട്ടും മറൈൻ ഡ്രൈവ് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു.