യുഎഇയും ഇന്തോനേഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങൾ ഡിസ്നിയുടെ പുതിയ ആനിമേഷൻ ചിത്രമായ ലൈറ്റ് ഇയറിന്റെ റിലീസ് നിരോധിച്ചു. ചിത്രത്തിൽ രണ്ട് സ്ത്രീകൾ ചുംബിക്കുന്ന രംഗമുള്ളതാണ് നിരോധനത്തിന് കാരണം. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്.
മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ചിത്രം യുഎഇയിൽ നിരോധിച്ചത്. വേറിട്ട ലൈംഗികത കാണിക്കുന്നത് നിയമ വിരുദ്ധമായതിനാലാണ് നിരോധനമെന്നാണ് ഇന്തോനേഷ്യൻ സർക്കാരിന്റെ വാദം. ചിത്രത്തിന്റെ ഒറിജിനൽ പതിപ്പ് മലേഷ്യയിൽ നെറ്റ്ഫ്ലിക്സിൽ കാണാൻ കഴിയും, എന്നാൽ ചുംബന രംഗം സെൻസർ ചെയ്താണ് തിയറ്ററിൽ റിലീസ് ചെയ്തിരിക്കുന്നത്. സിംഗപ്പൂരിൽ 16 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ‘ലൈറ്റ് ഇയർ’ കാണാൻ അനുവാദമുള്ളൂ.
എൽജിബിടിക്യു കഥാപാത്രങ്ങളെ സ്ക്രീനിൽ കാണിക്കുന്നതിന്റെ പേരിൽ മുമ്പും നിരവധി ഹോളിവുഡ് ചിത്രങ്ങൾ പല രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. മാർവലിൻറെ ഡോക്ടർ സ്ട്രേഞ്ച്, ദി എറ്റേണൽസ് എന്നിവയെല്ലാം ഈ രീതിയിൽ നിരോധിച്ചു.
ടോയ് സ്റ്റോറി ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ റിലീസാണ് ‘ലൈറ്റ്ഇയർ’. ബസ് ലൈറ്റ് ഇയർ, അലിഷ ഹോതാൺ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരും ചിത്രത്തിലെ സ്പേസ് റേഞ്ചർമാരാണ്. സ്വവർഗാനുരാഗിയായ അലിഷ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതും ഇരുവരും പരസ്പരം ചുംബിക്കുന്നതും ചിത്രത്തിൽ കാണാം, ഇതാണ് നിരോധനത്തിന് കാരണം.