തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ എല്ലാ മാസവും നൽകിയിരുന്ന പ്രത്യേക തുക നിർത്തലാക്കുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ധനവകുപ്പ് കെ.എസ്.ആർ.ടി.സിയെ അറിയിച്ചിട്ടുണ്ട്. അധിക ഫണ്ട് വൈകിയതിനാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല.
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഉൾപ്പെടെയുള്ള പരിഷ്കരണ നടപടികളുമായി സഹകരിച്ചാൽ, എല്ലാ മാസവും 10നകം ശമ്പളം നൽകുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി ട്രേഡ് യൂണിയനുകൾക്ക് മുഖ്യമന്ത്രി നേരത്തെ നൽകിയ ഉറപ്പ്. എന്നാൽ, ഈ മാസം 10നകം ശമ്പളം നൽകാനാവില്ലെന്നാണ് സൂചന. പ്രതിപക്ഷം ഇന്ന് നിയമസഭയിൽ വിഷയം ഉന്നയിച്ചെങ്കിലും ഗതാഗത മന്ത്രി മറുപടി നൽകിയില്ല.
ധനവകുപ്പിൽ നിന്ന് പണം ലഭിക്കാൻ വൈകുന്നത് ശമ്പള വിതരണത്തെ ബാധിക്കുന്നുണ്ട്. ഇത്തവണ പാസാക്കിയ 50 കോടി രൂപയിൽ 30 കോടി രൂപ നാളെ വൈകുന്നേരത്തോടെ അക്കൗണ്ടിൽ എത്തുമെന്നാണ് മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ, ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം 12ആം തീയതിയോടയേ ലഭിക്കൂ.