കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ശ്രീലങ്കയുടെ 15-ാമത് പ്രധാനമന്ത്രിയാണ് 73 കാരനായ ദിനേശ് ഗുണവർധനെ.
മുൻ ആഭ്യന്തര മന്ത്രിയും ഗോതാബയ അനുകൂലിയുമാണ് ദിനേശ് ഗുണവർധനെ. നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനിൽ വിക്രമസിംഗെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുക എന്ന വലിയ ദൗത്യമാണ് പുതിയ സർക്കാരിനുള്ളത്. ഐഎംഎഫുമായുള്ള കടാശ്വാസ ചര്‍ച്ചകള്‍ പുനരാരംഭിക്കുക, സഖ്യകക്ഷിസര്‍ക്കാര്‍ രൂപവത്കരിക്കുക എന്നിവയാകും ആദ്യനടപടികള്‍. വരും ദിവസങ്ങളിൽ 20-25 അംഗങ്ങളുള്ള മന്ത്രിസഭ രൂപീകരിക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് സാജിദ് പ്രേമദാസ റനിൽ വിക്രമസിംഗെയെ സന്ദർശിച്ച് പുതിയ സർക്കാരിന് ക്രിയാത്മകമായ പിന്തുണ നൽകുമെന്ന് അറിയിച്ചു.