കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നാണ് ശ്രീലേഖയുടെ വാക്കുകൾ. കേസിലെ ആറ് പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാൽ എന്ത് ചെയ്യും?
“ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവർ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസിൽ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതിൽ കുടുക്കാനും തെളിവുകൾ നിരത്താനും ശ്രമിക്കുമ്പോൾ പൊലീസ് അപഹാസ്യരാവുകയാണ്”,ശ്രീലേഖ പറഞ്ഞു.