തിരുവനന്തപുരം: സംഘർഷം നടന്ന വിഴിഞ്ഞത്ത് സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിയുടെ കീഴിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 4 എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തിനൊപ്പം വിഴിഞ്ഞം സംഘർഷത്തിലും അന്വേഷണം നടത്തും.
ഒരു പോലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കപ്പെടുകയും 36 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത ഒരു സംഭവം അടുത്തകാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതലയോടെ നിയമിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്.
തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള ഡിസിപി അജിത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ, കെ ഇ ബൈജു, കെ അജി എന്നീ ഉദ്യോഗസ്ഥരും ചേർന്ന പൊലീസ് സംഘമായാരിക്കും ക്രമസമധാന ചുമതലയും നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണവും നിർവഹിക്കുക.