യു.എസ്: സൈക്യാട്രിക് സോഷ്യൽ വർക്കറും അദ്ധ്യാപികയും സിഗ്മണ്ട് ഫ്രോയിഡിൻറെ ചെറുമകളുമായ സോഫി ഫ്രോയിഡ് അന്തരിച്ചു. തൻറെ മുത്തച്ഛൻറെ പ്രശസ്തമായ മനഃശാസ്ത്രവിശകലന സിദ്ധാന്തത്തെ പരസ്യമായി എതിർക്കുന്ന, അക്കാദമിക് പ്രസംഗങ്ങളുടെ പേരിലാണ് സോഫി കൂടുതൽ അറിയപ്പെടുന്നത്.
പാൻക്രിയാറ്റിക് അർബുദത്തിന് ദീർഘകാലമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബോസ്റ്റണിലെ സൈമൺസ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജി പ്രൊഫസറായി സേവനമനുഷ്ഠിച്ച സോഫി ഫ്രോയിഡ് അറിയപ്പെടുന്ന ഒരു സൈക്കോസോഷ്യോളജിസ്റ്റ് കൂടിയാണ്. സാമൂഹിക പ്രവർത്തനത്തിലെ ഒരു പ്രധാന മേഖലയെന്ന നിലയിൽ ഫെമിനിസത്തിൻറെയും ശിശുപരിപാലനത്തിൻറെയും ആവശ്യകത തിരഞ്ഞെടുത്ത് ബന്ധപ്പെട്ട വിഷയങ്ങളിൽ സോഫി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
1924 ഓഗസ്റ്റ് 6ന് വിയന്നയിലെ ഒരു ഇടത്തരം ജൂത കുടുംബത്തിലാണ് സോഫി ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിൻറെ മൂത്തമകനായ മാർട്ടിൻ ഫ്രോയിഡിൻറെയും സ്പീച്ച് തെറാപ്പിസ്റ്റായ ഡ്രക്കർ ഫ്രോയിഡിൻറെയും മകളാണ് സോഫി ഫ്രോയിഡ്. മാർട്ടിൻ, സിഗ്മണ്ട് ഫ്രോയിഡിൻറെ സൈക്കോഅനാലിറ്റിക് പബ്ലിഷിംഗ് ഹൗസിൻറെ ഡയറക്ടറായിരുന്നു.