ന്യൂഡല്‍ഹി: കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ എട്ട് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡിജിസിഎ സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 1937ലെ എയർക്രാഫ്റ്റ് ആക്ട് അനുശാസിക്കുന്ന സുരക്ഷിതവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ സേവനങ്ങൾ നൽകുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടതായി ഡിജിസിഎ അറിയിച്ചു.
ചൊവ്വാഴ്ചയാണ് സ്പൈസ് ജെറ്റ് കാർഗോ വിമാനം ചൈനയിലെ ചോങ്കിംഗിലേക്ക് പുറപ്പെട്ട് വീണ്ടും കൊൽക്കത്തയിലേക്ക് തിരിച്ച് പറന്നത്. വിമാനത്തിന്റെ കാലാവസ്ഥാ റഡാർ പ്രവർത്തിക്കുന്നില്ലെന്ന് പൈലറ്റുമാർ മനസ്സിലാക്കിയതിനെ തുടർന്നായിരുന്നു ഇത്. ചൊവ്വാഴ്ച തന്നെ മറ്റ് രണ്ട് വിമാനങ്ങൾക്കും സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു.
ജൂലൈ രണ്ടിനു ജബൽപൂരിലേക്ക് പോവുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം ക്യാബിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഡൽഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനം 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് പുക ഉയരുന്നത് ക്യാബിൻ ക്രൂ ശ്രദ്ധിച്ചത്.