Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയപാതാ വികസനം സാധ്യമാക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാതാ വികസനം 2025 ഓടെ പൂർത്തിയാക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. നടക്കില്ലെന്ന് കരുതി ഒരു കാലത്ത് ഉപേക്ഷിച്ച പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ സജീവമാകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 98.51 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. 1079.06 ഹെക്ടറിൽ 1062.96 ഹെക്ടറും ഏറ്റെടുത്തതായും മന്ത്രി വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കാൻ 5,580 കോടി രൂപയാണ് സംസ്ഥാനം നൽകിയത്. 15 റീച്ചുകളുടെ പണി പുരോഗമിക്കുകയാണ്. ആറ് റീച്ചുകളുടെ പണി ഇതിനകം തന്നെ അനുവദിച്ചുകഴിഞ്ഞു. ദേശീയപാത വികസനം കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേശീയപാത 66-ൽ കേരളത്തിൽ എവിടെയും വികസന പ്രവർത്തനങ്ങൾ നമുക്ക് കാണാൻ കഴിയും. അരൂർ-തുറവൂർ റീച്ചിലെ എലിവേറ്റഡ് ഹൈവേയുടെ ഡി.പി.ആർ തയ്യാറാക്കുന്നുണ്ട്. ദേശീയപാതാ വികസനം കേരളത്തിന്‍റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അടയാളപ്പെടുത്തുന്നത്. കൊവിഡ് പോലുള്ള മഹാമാരികളോ മറ്റ് തടസ്സങ്ങളോ ഇല്ലെങ്കിൽ 2025 ഓടെ കേരളത്തിൽ ദേശീയപാത 66 ന്‍റെ വികസനം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

By newsten