തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി വിഷ്ണു ജി കുമാറിനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന കൃഷി കോർപ്പറേഷന്‍റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് വിഷ്ണു. പോസ്റ്റിന്‍റെ അടിസ്ഥാനത്തിൽ ഡി.വൈ.എഫ്.ഐ പത്തനാപുരം ബ്ലോക്ക് സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടിയേരി ബാലകൃഷ്ണനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലാർക്കിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഹെഡ് ക്ലാർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രേഷൻ ഐജിയാണ് സന്തോഷിനെതിരെ നടപടിയെടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിൽ സന്തോഷിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.