ഡൽഹി: ഡൽഹി നഗരത്തിന് ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ഉടനടി ശമനമില്ല. ഈ മാസം 16 വരെ അതികഠിനമായ ചൂട് തുടരുമെന്നും മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഈ മാസം 2 മുതലുള്ള ഉഷ്ണതരംഗം തുടരുമെന്നാണ് വിലയിരുത്തൽ. ഇന്നലെ നഗരത്തിലെ ഉയർന്ന താപനില 43 ഡിഗ്രിയായിരുന്നു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരാൻ സാധ്യതയുണ്ടെന്നും 16ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, മൺസൂൺ എന്നെത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കാലാവസ്ഥാ വകുപ്പിന്റെ അഭിപ്രായത്തിൽ, പ്രവചനം ഇപ്പോൾ അസാധ്യമാണ്. സാധാരണയായി ജൂൺ 20ന് ശേഷമാണ് മൺസൂൺ എത്തുന്നത്. കഴിഞ്ഞ വർഷം ജൂൺ 27 ന് മൺസൂൺ എത്തുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം ജൂലൈ 13 നാണ് മഴ പെയ്തത്.