ന്യൂഡൽഹി: കുഴൽപ്പണ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇന്ന് പുലർച്ചെയാണ് റെയ്ഡ് നടന്നത്. സത്യേന്ദർ ജെയിനിന്റെ വീടിന് പുറമേ, അദ്ദേഹവുമായി ബന്ധമുള്ള ഡൽഹിയിലെ മറ്റ് സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി. സത്യേന്ദർ ജെയിനെ ജൂൺ 9 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മെയ് 30നാണ് ഡൽഹി ആരോഗ്യമന്ത്രിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ജെയിനിന്റെ 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കഴിഞ്ഞ മാസം കണ്ടുകെട്ടിയിരുന്നു.
2015-16 ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി സത്യേന്ദർ ജെയിൻ ഹവാല ഇടപാട് നടത്തിയതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിക്ക് സമീപം കാർഷിക ഭൂമി വാങ്ങാൻ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാനും ഭൂമി വാങ്ങാനും മന്ത്രി പണം ഉപയോഗിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിച്ചതിന് 2017 ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലും ഇ.ഡി കേസ് രജിസ്റ്റർ ചെയ്തു.
2015-16ൽ സത്യേന്ദർ തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് സിബിഐ കേസ്. പ്രിയസ് ഇൻഫോ സൊൽയൂഷൻസ്, അകിൻചന്ദ് ഡവലപ്പേഴ്സ്, മംഗല്യത്താൻ പ്രോജക്ട് എന്നിവയുടെ പേരിലുള്ള ഇടപാടുകൾ സംശയത്തിന്റെ നിഴലിലാണ്. സത്യേന്ദറിന്റെ കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചിരുന്നു.