ന്യൂഡല്‍ഹി: ഡൽഹി സർക്കാരിന്റെ പദ്ധതി കേന്ദ്ര സർക്കാർ ഹൈജാക്ക് ചെയ്തു എന്ന് പരാതി. പരിപാടി നടക്കുന്ന വേദിയിൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സ്ഥാപിക്കുകയും അവ നീക്കം ചെയ്താൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. ഇതേതുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പിൻമാറി.
അസോല വന്യജീവി സങ്കേതത്തിൽ ഡൽഹി സർക്കാർ സംഘടിപ്പിച്ച വന മഹോത്സവ പരിപാടി ഡൽഹി പോലീസിനെ അയച്ച് കേന്ദ്രം ഹൈജാക്ക് ചെയ്തുവെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആരോപിച്ചു. “ഇന്നലെ രാത്രി ഡൽഹി പോലീസ് സ്ഥലത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള ബാനറുകളിലോ, ഫ്ളക്സിലോ തൊട്ടുപോകരുതെന്ന് പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയും ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ അരവിന്ദ് കെജ്രിവാൾ ചടങ്ങിൽ പങ്കെടുക്കില്ലെന്നും റായ് പറഞ്ഞു.