ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും, അനുബന്ധ ട്രസ്റ്റുകളുടെയും വരവ് ചെലവ് കണക്ക് സംബന്ധിച്ച പ്രത്യേക ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ജസ്റ്റിസുമാരായ യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 31 വരെ സമയപരിധി നീട്ടിയത്. ക്ഷേത്രത്തിന്റെയും ട്രസ്റ്റുകളുടെയും 25 വർഷത്തെ വരവ് ചെലവ് അക്കൗണ്ടുകളുടെ പ്രത്യേക ഓഡിറ്റ് നടത്താൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിനായി അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിച്ചിരുന്നു. സ്പെഷ്യൽ ഓഡിറ്റിന് കൂടുതൽ സമയം ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പുറമെ ക്ഷേത്ര ഭരണസമിതി ചെയർമാനും ഉപദേശക സമിതി ചെയർമാനും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ഓഗസ്റ്റ് 31ന് ഹർജികൾ വീണ്ടും ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു.