ചാലക്കുടി: ദളിത് വിദ്യാര്‍ഥിനിയെ അതിരപ്പിള്ളി സി.ഐ. അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് ചാലക്കുടി കൂടപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന അതിരപ്പിള്ളി സ്വദേശിനി 20 കാരിയായ നിയമവിദ്യാർത്ഥിനിയെ അതിരപ്പിള്ളി എസ്.എച്ച്.ഒ ആക്രമിക്കുകയായിരുന്നു. അതിരപ്പിള്ളി എസ്.എച്ച്.ഒ ലൈജുമോൻ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിതാവ് മനോജിനെയും അമ്മ സിന്ധുവിനെയും അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പറയുന്നു.
വഴിയോരക്കച്ചവടക്കാരായ മനോജും ഭാര്യ സിന്ധുവും സമീപത്തെ കടയുടമകളായ ദമ്പതികളുമായി വാക്കേറ്റമുണ്ടായി. മനോജിനും സിന്ധുവിനുമെതിരെ അതിരപ്പിള്ളി പൊലീസ് വധശ്രമത്തിന് കേസെടുത്തു. തുടർന്ന് ഇരുവരും ഒളിവിൽ പോയി. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവുമായി വരുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് ആരോപണം. ഓട്ടോയിൽ വരികയായിരുന്ന മനോജിനെയും സിന്ധുവിനെയും വാഹനം തടഞ്ഞുനിർത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മകൾ ഹൈക്കോടതി ഉത്തരവ് കാണിക്കുന്നതിനിടെയാണ് സംഭവം.
അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് മനോജിന്‍റെയും ഭാര്യ സിന്ധുവിന്‍റെയും പേരിലുള്ള കേസിൽ സിന്ധുവിനെ മാത്രം അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവുള്ളതെന്നാണ് അതിരപ്പിള്ളി പൊലീസിന്‍റെ വിശദീകരണം. നിയമം വിട്ട് മറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.