ചെന്നൈ: മന്‍ഡൂസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നടക്കം 16 വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ശക്തിപ്രാപിച്ച് മൻഡൂസ് ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റ് 85 കിലോമീറ്റര്‍ വേഗതയില്‍ വെള്ളിയാഴ്ച തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്‍റെ തെക്കൻ തീരം എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ തീരപ്രദേശങ്ങളിൽ 5,000 പുനരധിവാസ ക്യാമ്പുകൾ തുറന്നതായും ആളുകളെ ഒഴിപ്പിച്ചതായും തമിഴ്നാട് സർക്കാർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും (എസ്ഡിആർഎഫ്) ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.