ജപ്പാൻ: സൈബർ ബുള്ളിയിംഗ് ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന അപകടങ്ങളിലൊന്ന് പേരും മുഖവും വെളിപ്പെടുത്താതെ ചിലർ ആളുകളെ പരിഹസിക്കുവാൻ സൈബർ ലോകത്തെ ഉപയോഗിക്കുന്നു എന്നതാണ്. സോഷ്യൽ മീഡിയ ദുരുപയോഗം തടയാൻ ജപ്പാൻ ഒരു പുതിയ നിയമം കൊണ്ടുവന്നു. ഓൺലൈനിൽ ഒരാളെ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന നിയമം തിങ്കളാഴ്ചയാണ് ജപ്പാൻ പാർലമെൻറ് പാസാക്കിയത്.
ഈ വേനൽക്കാലാവസാനത്തോടെ രാജ്യത്തെ പീനൽ കോഡിലെ ഭേദഗതി പ്രാബല്യത്തിൽ വരും. ഓൺലൈനിൽ മറ്റുള്ളവർക്കെതിരെ അപകീർത്തികരമായ പ്രവർത്തികൾ നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും 300,000 യെൻ വരെ പിഴയും ലഭിക്കും. ഇതിനുമുമ്പ് ഇത്തരം കുറ്റങ്ങൾക്കെതിരെയുള്ള ശിക്ഷ 30 ദിവസത്തില്‍ താഴെ തടവും 10000 യെന്‍ പിഴയും ആയിരുന്നു. എന്നാൽ ഈ നിയമത്തിനെതിരെയും വിമർശനമുണ്ട്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് വിമർശനം.
ഇന്ന്, മിക്ക ആളുകളും അധികാരത്തിലിരിക്കുന്നവരെ വിമർശിക്കാനും അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുവാനും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. എന്നാൽ വളരുന്ന സൈബർ ബുള്ളിയിംഗ് എന്നറിയപ്പെടുന്ന വില്ലനെ നിയന്ത്രിക്കാൻ ഇത്തരമൊരു നിയമനിർമ്മാണം ആവശ്യമാണെന്ന് പറയുന്നവരുമുണ്ട്.