തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി, വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതിനുള്ള ചർച്ചകൾക്കായി എല്ലാ സ്കൂളുകളിലും ഒരു പീരിയഡ് നീക്കിവയ്ക്കുന്നു. 17ന് എല്ലാ ക്ലാസ് മുറികളിലും കുട്ടികൾ പാഠ്യപദ്ധതി ചർച്ച ചെയ്യും. ഇവരുടെ നിർദ്ദേശങ്ങൾ സുപ്രധാന രേഖയായി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പാഠ്യപദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഓൺലൈനായി സമർപ്പിക്കാൻ കഴിയുന്ന www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോമും മന്ത്രി ഉദ്ഘാടനം ചെയ്തു. 26 ഫോക്കസ് ഏരിയയിൽ, ഓരോരുത്തർക്കും താൽപ്പര്യമുള്ളവ തിരഞ്ഞെടുത്ത് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകാനും അവസരമുണ്ട്. എഴുതിയ നിർദ്ദേശങ്ങളുടെ ചിത്രം, പിഡിഎഫ് ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാം.
26 ഫോക്കസ് ഗ്രൂപ്പുകളുടെ പൊസിഷൻ പേപ്പറുകൾ നവംബർ 30 നകം പൂർത്തിയാകും. കരട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ ഡിസംബർ 31നകം രൂപീകരിക്കും. 2023 ജനുവരിയിൽ കരട് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ മേഖലാതല സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. 2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.