തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെ എൽഡിഎഫ് യോഗം ഇന്ന് ചേരും. സ്വപ്നയുടെ ആരോപണത്തെ തുടർന്ന് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് എല്‍ഡിഫ് നീക്കം. വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം യുഡിഎഫിനെതിരെ ആയുധമാക്കാനാണ് എൽഡിഎഫ് നേതൃത്വത്തിന്റെ ആലോചന.
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. രാഷ്ട്രീയ വിശദീകരണയോഗം വിളിച്ച് മറ്റ് സമരങ്ങളെ പ്രതിരോധിക്കാൻ തീരുമാനിച്ച എൽ.ഡി.എഫ് പുതിയ സാഹചര്യത്തിൽ തന്ത്രം മാറ്റി. മുഖ്യമന്ത്രിയെ അപകടത്തിലാക്കാനുള്ള നീക്കം നടക്കുന്നു എന്ന തരത്തിലേക്കാണ് മാറ്റം. വിമാനത്തിനുള്ളിലെ പ്രതിഷേധം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിനും മുന്നണിക്കും വേണ്ടി ഏതുതരം പ്രതിരോധമാണ് ഒരുക്കേണ്ടതെന്ന് ഇന്നത്തെ എൽഡിഎഫ് യോഗം തീരുമാനിക്കും.
സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ രണ്ട് വർഷം മുമ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതാണെന്നാണ് എൽ.ഡി.എഫിന്റെ നിലപാട്. മാത്രമല്ല, ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എൽഡിഎഫ് പറയുന്നു. ബി.ജെ.പിയുടെ ഗൂഡാലോചനയ്ക്ക് പ്രതിപക്ഷം വെള്ളവും വളവും നൽകുകയാണെന്നാണ് ആക്ഷേപം. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും നിലപാടുകളും എൽ.ഡി.എഫ് യോഗം ചർച്ച ചെയ്യും.