Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മേയറുടെ ലെറ്റർപാഡിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തോട് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. കത്ത് വ്യാജമാണെന്ന് സ്ഥിരീകരിക്കാൻ ഒറിജിനൽ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. പ്രാഥമിക അന്വേഷണം നടത്തിയ സംഘത്തിന് സ്ക്രീൻഷോട്ട് മാത്രമാണ് ലഭിച്ചത്. ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ശുപാർശ അംഗീകരിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്. 

യഥാർത്ഥ കത്ത് നശിപ്പിച്ചതിനാൽ ആരാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തിയാൽ മാത്രമേ തെളിവ് നശിപ്പിക്കലും ഗൂഢാലോചനയും ഉൾപ്പെടെയുള്ള അന്വേഷണവുമായി മുന്നോട്ട് പോകാൻ ക്രൈംബ്രാഞ്ചിന് കഴിയൂ. അതേസമയം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ആരോപണ വിധേയനായ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിലും പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് നേരിട്ട് മൊഴി നൽകിയിരുന്നില്ല. 
 

By newsten