തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രം അനുവദിക്കാൻ തടസമായി ഐ.എസ്.പി.എസ് കോഡിന്റെ അഭാവം. ഐ.എസ്.പി.എസ് കോഡ് പ്രകാരമുള്ള സുരക്ഷ നൽകാത്തതാണ് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് നിർത്തലാക്കാൻ കാരണം. സർക്കാരിന് നല്ല വരുമാനമുണ്ടായിരുന്നെങ്കിലും, 2 വർഷം പൂർത്തിയാക്കിയ ക്രൂ ചേഞ്ചിനുള്ള അനുമതി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങളായി തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാരിന് ഉണ്ടായത്.
ഐ.എസ്.പി.എസ് കോഡ് കൊണ്ടുവരാൻ തുറമുഖ വകുപ്പിൽ നിന്നോ കേരള മാരിടൈം ബോർഡിൽ നിന്നോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ പരാതി. ക്രൂവിൽ നിന്ന് കോടിക്കണക്കിന് രൂപ വരുമാനം നേടിയിട്ടും 12 ലക്ഷത്തോളം രൂപ മാത്രം ചെലവ് വരുന്ന ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർക്ക് താൽപ്പര്യമില്ലെന്ന് അവർ ആരോപിച്ചു. കൊവിഡ് കാലത്ത് ലോകത്തെ മറ്റ് തുറമുഖങ്ങളിൽ ക്രൂ ചേയ്ഞ്ചിന് അനുമതി നിഷേധിച്ചപ്പോഴാണ്, നിയന്ത്രിത തോതിൽ വിഴിഞ്ഞം തുറമുഖത്തിന് ക്രൂ ചേഞ്ചിംഗിന് അനുമതി ലഭിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്.
2020-22 കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടത്തെ ക്രൂ ചേയ്ഞ്ചിനായി അടുത്തു. ഇതിലൂടെ തുറമുഖ വകുപ്പ് 10 കോടിയിലധികം രൂപ വരുമാനമായി സമാഹരിച്ചു. വിഴിഞ്ഞത്ത് ഇന്ത്യൻ പോർട്ടുകളിൽ സാധാരണഗതിയിൽ അടുക്കാത്ത വെസലുകളാണ് ആങ്കറേജിന് വന്നിരുന്നത്. ഇതിന്‍റെ ഫലമായി പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിന് വരുമാനം ലഭിച്ചു. ഈ വരുമാനം നിലനിർത്താൻ സർക്കാർ പരമാവധി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ല. ഇതിനിടെ വൻവരുമാന ലഭ്യതയുണ്ടായതോടെ സർക്കാർ വിഴിഞ്ഞത്തിന് രാജ്യാന്തര ക്രൂ ചേഞ്ച് ആൻഡ് ബങ്കറിങ് ടെർമിനൽ എന്ന പദവി നൽകി. ക്രൂ ചെയ്ഞ്ചിങ്ങിന്‍റെ ഒന്നാം വാർഷികവും സംസ്ഥാന സർക്കാർ ആഘോഷിച്ചിരുന്നു.