തിരുവനന്തപുരം: ദേശീയ തലത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഗവർണറുടെ നടപടികളെ തുറന്നുകാട്ടുന്നതിന്റെ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എംപി എ.എം ആരിഫ് ലോക്സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു.
ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണെന്നും നോട്ടീസിൽ ആരിഫ് ചൂണ്ടിക്കാട്ടി. ഗവർണർ സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ഗവർണർ കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനം ഗവർണർ തകർക്കുകയാണെന്നും ആരിഫ് നോട്ടീസിൽ പറയുന്നു.
ബി.ജെ.പി നേതാക്കളുടെ കേസ് പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ശക്തമായ രാഷ്ട്രീയ വിമർശനമാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഒരു എം.പി പ്രമേയ നോട്ടീസ് നൽകുന്നത് അപൂർവമാണ്. ബി.ജെ.പി നിയോഗിച്ച ഗവർണർമാരുടെ നിലപാടിനെതിരെ വിവിധ സംസ്ഥാനങ്ങൾ ശക്തമായ പ്രതിരോധം തീർക്കുമ്പോൾ ദേശീയ തലത്തിൽ കേരളത്തിന്റെ ശബ്ദം ഉയർത്തിക്കാട്ടാനും സി.പി.എം ശ്രമിക്കുന്നുണ്ട്.