തിരുവനന്തപുരം: വിഴിഞ്ഞം വിഷയം സി.പി.എം തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ശ്രദ്ധക്ഷണിക്കൽ പ്രമേയമായി കടകംപള്ളി സുരേന്ദ്രൻ വിഷയം അവതരിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് നിർമ്മാണം തുടരണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കും.
മത്സ്യത്തൊഴിലാളികൾ 137 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ വിവിധ തലങ്ങളിൽ അനുരഞ്ജന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചീഫ് സെക്രട്ടറി വി.പി ജോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ കണ്ടത്.
സമരസമിതി, അതിരൂപത നേതൃത്വം തുടങ്ങിയവരെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച വിശദമായ ചർച്ച നടന്നേക്കും. അനുരഞ്ജന നീക്കങ്ങൾ പുരോഗമിച്ചാൽ ചർച്ചകളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യവും ഉണ്ടാകുമെന്നാണ് സൂചന. വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രചാരണ റാലി നടത്താനാണ് സിപിഎം ആലോചിക്കുന്നത്. ആനാവൂർ നാഗപ്പൻ നയിക്കുന്ന ജാഥ ചൊവ്വാഴ്ച വൈകുന്നേരം വർക്കലയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.