തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎമ്മിനെ പിടിച്ചുകുലുക്കിയ നിയമന വിവാദങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനം. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, പാര്‍ലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ പേരുകൾ അടങ്ങിയ കത്ത് വിവാദമായതിൽ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു.
നിയമന വിവാദം തിരിച്ചടിയായെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കാനും യോഗത്തിൽ ധാരണയായി. എന്നാൽ നിലവിലെ വിവാദം തണുത്ത ശേഷം മാത്രം പാർട്ടി പരിശോധന മതിയെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട്.
നഗരസഭാ കത്ത് വിവാദത്തിനൊപ്പം സർവകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഈ വിഷയങ്ങളിലെ വിവാദങ്ങളിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു.