തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിഭാഗീയതയ്ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ താക്കീത് നൽകി. “വിഭാഗീയതയും വ്യക്തികേന്ദ്രീകരണ രീതിയും സിപിഐയില്‍ ഇല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ചരിത്രം ഇത് ഓര്‍മപ്പെടുത്തുന്നു” പാര്‍ട്ടി മുഖമാസികയിൽ ഇതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിൽ കാനം രേഖപ്പെടുത്തി.
അതേസമയം, പ്രായപരിധി തീരുമാനത്തെ പരസ്യമായി വിമർശിച്ച സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരനെതിരെ നടപടി ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിനിധി സമ്മേളനത്തിൽ പതാക ഉയർത്താനിരിക്കുന്ന സി ദിവാകരനെ അതിൽ നിന്ന് ഒഴിവാക്കുന്നത് നേതൃത്വത്തിന്റെ പരിഗണനയിലാണ്.
നാളെ ഉച്ചയ്ക്കു ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ദിവാകരനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ഒഴിവാക്കണമോ എന്ന് തീരുമാനിക്കും. നാളെ വൈകിട്ട് ഏഴുമണിക്ക് സമ്മേളനത്തിന് കൊടിയുയരും.