കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ. കേസിലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി.
2019 ഫെബ്രുവരിയിൽ കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് സണ്ണി ലിയോണിനെതിരായ കേസ്. ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് താരം കോടതിയിൽ ഹർജി നൽകിയത്. വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരെന്നാണ് താരത്തിന്റെ വാദം. പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറിയെന്നും പരിപാടി അവതരിപ്പിക്കാൻ കൊച്ചിയിൽ എത്തിയെങ്കിലും കരാർ പാലിക്കാൻ സംഘടകർക്കായില്ലെന്നും സണ്ണി ലിയോണ്‍ ഹർജിയിൽ ആരോപിക്കുന്നു. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേരാണ് ഹർജിക്കാർ. 2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയിൽ സണ്ണി ലിയോണ്‍ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.