കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക തുറക്കുന്നതിനുള്ള ചർച്ചകൾ ഫലം കണ്ടില്ല. കളക്ടറുടെ നിർദേശപ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ച രണ്ട് മണിക്കൂറോളം നീണ്ട് നിന്നു.
ജനുവരിയിൽ നടക്കുന്ന സിനഡിൽ തീരുമാനം ഉണ്ടാകുന്നതുവരെ പള്ളി തുറക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ, സിനഡ് അംഗീകരിച്ച കുർബാന ആസ്ഥാന ദേവാലയത്തിൽ അർപ്പിക്കുമെന്ന് ഉറപ്പ് നൽകണമെന്നാണ് മറുവിഭാഗം ആവശ്യപ്പെട്ടത്.
പള്ളി തുറന്നാൽ ക്രിസ്തുമസിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും അവർ ഉയർത്തി. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ചർച്ചകൾ മുടങ്ങി. കുർബാന തർക്കത്തിൽ സമവായമുണ്ടാകുന്നതുവരെ ബസലിക്ക അടച്ചുപൂട്ടേണ്ടി വന്നേക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയ ശേഷം മാത്രമേ പള്ളി തുറക്കാനാകൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും പൊലീസും.