Spread the love

മത്സ്യഫെഡ് അഴിമതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. രണ്ട് ജീവനക്കാരുടെ തലയിൽ കോടികളുടെ തട്ടിപ്പ് കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൊല്ലത്ത് നടന്ന തട്ടിപ്പ് മാത്രമാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. മറ്റ് ജില്ലകളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം ലഭിച്ചതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

സി.പി.ഐ(എം) നേതാക്കളുടെ ഇടപെടലോടെ പിൻ വാതിലിലൂടെ നിയമിതരായവരാണ് തട്ടിപ്പിന് പിന്നിൽ. തട്ടിപ്പ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഗുരുതരമായ തട്ടിപ്പ് പുറത്തു വന്നിട്ടും സർക്കാരോ ഫിഷറീസ് മന്ത്രിയോ പ്രതികരിക്കാത്തത് ദുരൂഹമാണ്. അന്തിപ്പച്ച വാഹനങ്ങളിൽ മീൻ വിൽക്കുന്ന വനിതാ തൊഴിലാളികൾ പരാതി നൽകിയിട്ടും ഉന്നത നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് തട്ടിപ്പിനെക്കുറിച്ച് കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചു.

കടലിൽ പോകാൻ കഴിയാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണികിടക്കുമ്പോൾ തട്ടിപ്പ് നടത്തുന്നത് മനുഷ്യത്വരഹിതമാണ്. ഇടത് നേതാക്കൾ മത്സ്യഫെഡിൽ വിപുലമായ പിൻവാതിൽ നിയമനങ്ങൾ നടത്തി. മത്സ്യഫെഡിലെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളും പിൻവാതിൽ വഴി നിയമനം ലഭിച്ചവരാണ് കൈകാര്യം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളിൽ നിന്ന് മത്സ്യം വാങ്ങാനെന്ന വ്യാജേന അയൽ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നത് തട്ടിപ്പാണ്. ഇതിന് പിന്നിലും സി.പി.എം നേതാക്കളാണെന്നും വി.ഡി സതീശൻ പറഞ്ഞു.

By newsten