കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് 2.53 കോടി രൂപ ക്രമവിരുദ്ധമായി പിൻവലിച്ചതായി കോഴിക്കോട് കോർപ്പറേഷൻ. റെയിൽവേ സ്റ്റേഷൻ ലിങ്ക്റോഡ് പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ മുൻ മാനേജർ, 98 ലക്ഷം രൂപ തട്ടിയെടുത്തതായി നിലവിലെ മാനേജർ കഴിഞ്ഞദിവസം ടൗൺസ്റ്റേഷനിൽ പരാതിനൽകിയിരുന്നു. എന്നാൽ, രണ്ടരക്കോടിയിലേറെ നഷ്ടമായെന്ന് കോർപ്പറേഷൻ സെക്രട്ടറി ടൗൺസ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
ബാങ്കിന്റെയും കോർപ്പറേഷന്റെയും കണക്കുകൾ തമ്മിൽ വൻ വ്യത്യാസമാണുള്ളത്. മുൻപുണ്ടായിരുന്ന മാനേജർ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷം രൂപ മാറ്റിയെന്നാണ് നിലവിലെ മാനേജർ പൊലീസിൽ പരാതിനൽകിയത്. അതേസമയം, കോടികളുടെ ഇടപാട് ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെന്നാണ് ആരോപണം.
പി.എൻ.ബി. ലിങ്ക് റോഡ് ശാഖയിൽ കോർപ്പറേഷന് 13 അക്കൗണ്ടുകളുണ്ട്. സപ്ലിമെന്ററി ന്യൂട്രീഷൻ ഫണ്ടുമായി(എസ്.എൻ.പി.) ബന്ധപ്പെട്ട് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്.