Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തെഴുതിയെന്ന ആരോപണത്തിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴി ക്രൈംബ്രാഞ്ച് എടുക്കും. ആനാവൂർ നാഗപ്പന്‍റെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം തേടി. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടൻ സമയം അനുവദിക്കുമെന്നും ആനാവൂർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ട് മേയർ കത്ത് നൽകിയെന്നാണ് ആരോപണം. എന്നാൽ, മേയറുടെ പേരിൽ പുറത്തുവന്ന ലെറ്റർ പാഡ് വ്യാജമാണെന്ന് ജീവനക്കാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. തങ്ങളുടെ ഓഫീസ് തയ്യാറാക്കിയ ലെറ്റർ പാഡ് അല്ലെന്നാണ് മൊഴി. മേയറുടെ ഓഫീസിലെ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നായിരുന്നു മേയർ പറഞ്ഞത്. താൻ ഉപയോഗിച്ച ലെറ്റർഹെഡ് എഡിറ്റ് ചെയ്തു തയാറാക്കിയ കത്ത് ആണെന്നു സംശയമുണ്ടെന്നും, പഴയ ലെറ്റർ പാഡിന്റെ ഹെഡറും സീലും വച്ചു കത്തു തയാറാക്കിയതാകാമെന്നും മേയർ പറഞ്ഞു.

By newsten