തിരുവനന്തപുരം: താൽക്കാലിക നിയമനങ്ങളിലേക്ക് പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയ ശേഷമാണ് ആര്യ ക്ലിഫ് ഹൗസിലെത്തിയത്. ഡി.ജി.പി അനിൽകാന്തും ക്ലിഫ് ഹൗസിലെത്തി.
നേരത്തെ സി.പി.എം ജില്ലാ നേതൃത്വം ആര്യയെ വിളിച്ചുവരുത്തിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിലേക്കാണ് വിളിപ്പിച്ചത്. വിവാദത്തിൽ മേയർ പാർട്ടിക്ക് വിശദീകരണം നൽകി. കത്ത് തന്‍റേതല്ലെന്നും കത്തിൽ ഒപ്പില്ലെന്നും സീല്‍ മാത്രമേ ഉള്ളൂവെന്നുമാണ് വിശദീകരണം. കത്തിൽ പറഞ്ഞ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും അറിയിച്ചിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ട് അയച്ച കത്താണ് പുറത്ത് വന്നത്. കത്തിൽ ഒഴിവുകളുടെ വിശദാംശങ്ങൾ നൽകിയ ശേഷം ഇതിനായി ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.