Spread the love

തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം പുനരാരംഭിച്ചു. സമര പന്തൽ പൊളിച്ചുമാറ്റിയ ശേഷമാണ് നിർമ്മാണ സാമഗ്രികൾ വിഴിഞ്ഞത്ത് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്താൻ ഇരട്ടി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ 20 ലോഡ് നിർമ്മാണ സാമഗ്രികളാണ് എത്തിച്ചത്.

പുലിമുട്ടിന്‍റെ നിർമാണം പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി കടലിൽ നിക്ഷേപിക്കുന്ന കല്ലിന്‍റെ അളവ് പ്രതിദിനം 30,000 ടണ്ണായി ഉയർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകളാണ് വിഴിഞ്ഞത്ത് എത്തിക്കുന്നത്.

മൊത്തം 2.9 കിലോമീറ്റർ ദൂരമാണ് പുലിമുട്ട് വേണ്ടത്. അതിൽ 1.4 കിലോമീറ്റർ ഇതുവരെ പൂർത്തിയായി. 1.7 കിലോമീറ്റർ അപ്രോച്ച് റോഡിന്‍റെ 600 മീറ്റർ മാത്രമാണ് നിർമിച്ചത്. അദാനി ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് 60 ശതമാനം കടൽ നികത്തലും പൂർത്തിയായി. അടുത്ത ഓണത്തിന് കപ്പൽ വിഴിഞ്ഞത്ത് അടുപ്പിക്കണം എന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

By newsten