Spread the love

തിരുവനന്തപുരം: മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചത് സർക്കാരിന് വലിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരീനാഥനെ ജയിലിലടയ്ക്കാനുള്ള ഗൂഡാലോചന പൊളിഞ്ഞെന്നും, സ്വർണക്കടത്ത് കേസിൽ നിന്ന് വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും അമിത അധികാര കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരീനാഥനെ ജയിലിലടയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തി. ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി അത് ഒരു പ്രതിഷേധം മാത്രമാണെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഇത് കൊലപാതക ശ്രമമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വധശ്രമക്കേസിൽ ഉൾപ്പെടുത്തി ശബരീനാഥനെ ജയിലിലടയ്ക്കാനുള്ള ഗൂഡാലോചന ജാമ്യം ലഭിച്ചതോടെ പൊളിഞ്ഞെന്നും സതീശൻ പറഞ്ഞു.

“സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായുള്ള സമരമാണത്. ആ പോരാട്ടം തീർച്ചയായും തുടരും. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ്‌ എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം, എകെജി സെന്‍ററിൽ ആക്രമണം, സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസ്താവന, എംഎം മണി സ്ത്രീത്വത്തെ അപമാനിച്ചത് എന്നിവയെല്ലാം വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായുള്ളത് ആണ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം, സതീശൻ പറഞ്ഞു.

By newsten