ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മുൻ മന്ത്രി കെടി ജലീലിന്റെ പരാതിയിൽ പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തിരുന്നു. ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും സ്വപ്ന ആരോപിച്ചു. കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അറസ്റ്റ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തില്ലെന്ന വാദം പരിഗണിച്ചാണ് നടപടി.
അതേസമയം, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സമർപ്പിച്ച മറ്റൊരു ഹർജിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.