Spread the love

ഹൈദരാബാദ്: ഗോദാവരി നദീതടം ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വിദേശരാജ്യങ്ങളുടെ പങ്ക് സംശയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഭദ്രാദ്രി-കോതാഗുഡം ജില്ലയിലെ പ്രളയബാധിത പട്ടണമായ ഭദ്രാചലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമായി ഉയർന്ന പ്രദേശങ്ങളിൽ കോളനികൾ നിർമ്മിക്കുന്നതിന് 1,000 കോടി രൂപയുടെ പുനരധിവാസ പാക്കേജും ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു.

മേഘവിസ്ഫോടനം എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ കാര്യം വന്നിരിക്കുന്നു. ഇക്കാര്യത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് ആളുകൾ പറയുന്നത്. അത് എത്രമാത്രം സത്യമാണെന്ന് നമുക്കറിയില്ല. ചില വിദേശ രാജ്യങ്ങൾ ആസൂത്രിതമായി നമ്മുടെ രാജ്യത്ത് മേഘവിസ്ഫോടനങ്ങൾ നടത്തുന്നു. നേരത്തെ, അവർ ലേയിൽ (ലഡാക്ക്) ഇത് നടത്തിയിരുന്നു. പിന്നീട് ഉത്തരാഖണ്ഡിലും അവർ അത് തന്നെ ചെയ്തു. ഗോദാവരി തടത്തിലും ഇത് നടപ്പാക്കുന്നുണ്ടെന്ന് ആശങ്കാജനകമായ റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലമാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നത്. അതിനാൽ, നാം ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്,” ചന്ദ്രശേഖർ റാവു പറഞ്ഞു.

അതേസമയം, മേഘവിസ്ഫോടനത്തെക്കുറിച്ചുള്ള ചന്ദ്രശേഖർ റാവുവിന്‍റെ പരാമർശത്തെ പരിഹസിച്ച് തെലങ്കാന ബിജെപി പ്രസിഡന്‍റും എംപിയുമായ സഞ്ജയ് കുമാർ രംഗത്തെത്തി. കെസിആറിന്‍റെ പരാമർശം നൂറ്റാണ്ടിലെ തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ചകൾ മൂടിവയ്ക്കാൻ കെ.സി.ആർ. നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

By newsten