ഹിമാചൽ പ്രദേശ്: ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളുടെ പിൻബലത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക്. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത ഹിമാചലിൽ ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ വിജയം.
സ്വന്തം സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ഹിമാചലിൽ തോൽവി സമ്മതിച്ച ബിജെപി മുഖ്യമന്ത്രി ജയറാം ഠാക്കൂർ ഗവർണർക്ക് തന്റെ രാജി സമർപ്പിച്ചു.
ബിജെപി 27 സീറ്റുകൾ നേടി രണ്ടാമതെത്തിയപ്പോള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആദ്യമായി പരീക്ഷണ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ഒരു സീറ്റ് പോലും നേടാനായില്ല. 15 വർഷത്തെ ബിജെപി ഭരണം തൂത്തെറിഞ്ഞ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയെത്തിയ ഹിമാചൽ ഫലം എഎപിക്ക് തിരിച്ചടിയായി.