പനജി: മൈക്കിൾ ലോബോയെ ഗോവയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ മൈക്കൽ ലോബോ സന്ദർശിച്ചതിന് പിന്നാലെയാണ് ഗോവയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു ഇയാളെ കോൺഗ്രസ് നീക്കം ചെയ്തത്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ മൈക്കിൾ ലോബോ ഗൂഡാലോചന നടത്തിയെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
കോൺഗ്രസ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മൈക്കിൾ ലോബോ പങ്കെടുത്തിരുന്നില്ല. മുതിർന്ന നേതാവ് ദിഗംബർ കാമത്തും വാർത്താസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നു. 11 കോൺഗ്രസ് എംഎൽഎമാരിൽ രണ്ട് പേർ മാത്രമാണ് പിസിസി ഓഫീസിൽ എത്തിയത്.
പ്രതിപക്ഷ നേതൃസ്ഥാനം ദിഗംബര്‍ കാമത്തിനു നല്‍കാതെ മൈക്കിള്‍ ലോബോക്ക് നല്‍കിയതിലെ അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നു സൂചനയുണ്ടായിരുന്നു. ഈ വർഷം ജനുവരിയിലാണ് മൈക്കിൾ ലോബോയും ഭാര്യ ദെലീല ലോബോയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്.