ന്യൂ ഡൽഹി: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി, ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ എൻ ത്രിപാഠി എന്നിവരാണ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
നെഹ്റു കുടുംബത്തിന്റെയും ഹൈക്കമാൻഡിന്റെയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് വിമത വിഭാഗമായ ജി 23 യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മനീഷ് തീവാരി ഉൾപ്പെടെയുള്ള നേതാക്കൾ ഖാർഗെയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പിന് മുമ്പ് രാജിയുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.