Spread the love

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സൂക്ഷ്മപരിശോധന വൈകുന്നേരത്തോടെ പൂർത്തിയാക്കി ഏതൊക്കെ പത്രികകളാണ് അംഗീകരിച്ചതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ.എൻ ത്രിപാഠി എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഖാർഗെ 14 നാമനിർദ്ദേശ പത്രികകളും തരൂർ അഞ്ച് നാമനിർദ്ദേശ പത്രികകളും സമർപ്പിച്ചു. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകം സന്ദർശിച്ച് തരൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും.

അതേസമയം, ഇരട്ടപദവി പ്രശ്നത്തെ തുടർന്ന് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. നെഹ്റു കുടുംബത്തിന്‍റെയും ഹൈക്കമാൻഡിന്‍റെയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് വിമത വിഭാഗമായ ജി 23 യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മനീഷ് തിവാരി ഉൾപ്പെടെയുള്ള നേതാക്കൾ ഖാർഗെയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

By newsten