Spread the love

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഒടിടി സൗകര്യമായ ‘സി സ്പേസ്’ നവംബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. 100 ൽ താഴെ സിനിമകൾ മാത്രമാണ് ഇതുവരെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്ലാറ്റ്‌ഫോമിനെ കുറിച്ചുള്ള നിർമ്മാതാക്കളുടെ ആശങ്കയാണ് സിനിമകളുടെ എണ്ണം കുറയാൻ കാരണം. ഇതെല്ലാം പരിഹരിച്ച് മികച്ച സ്ക്രീനിംഗ് സൗകര്യം ഒരുക്കാനാണ് പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്ന ഫിലിം ഡെവലപ്മെന്‍റ് കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പുറത്തിറങ്ങുകയും കഴിഞ്ഞ അഞ്ചോ പത്തോ വർഷം കൊണ്ട് സംസ്ഥാന, ദേശീയ അവാർഡുകൾ നേടുകയും ചെയ്ത മലയാള ചിത്രങ്ങളും സി സ്‌പേസിൽ ഉൾപ്പെടുത്തും.

സർക്കാരിന്റെ ചുമതലയിൽ സിനിമാപ്രേമികൾക്കായി ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കും കേരളം. കൊവിഡ് കാലത്ത് നിരവധി സിനിമകളാണ് ഒ.ടി.ടി.യിൽ റിലീസ് ചെയ്തത്. തിയേറ്റർ സീസണിന് ശേഷവും സിനിമകളിലൂടെ നിർമ്മാതാക്കൾക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നവംബർ ഒന്നിന് ശേഷം മാത്രമേ പുതിയ സിനിമകൾ രജിസ്റ്റർ ചെയ്യുകയുള്ളൂ.

By newsten