കണ്ണൂർ: കണ്ണൂർ സർവകലാശാല പിജി പഠന വകുപ്പുകളിലേയ്ക്ക് നിശ്ചയിച്ച തീയതിക്ക് മുമ്പ് നടത്തിയ പ്രവേശന പരീക്ഷ വീണ്ടും നടത്തും. നിശ്ചിത തീയതിക്ക് മുമ്പ് പ്രവേശന പരീക്ഷ നടത്തിയതിനാൽ അവസരം നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ നേരത്തെ ആരോപിച്ചിരുന്നു. മഴയും അവധിയും കാരണം പരീക്ഷകൾ മാറ്റിവച്ചതായും എസ്എംഎസ്, മീഡിയ നോട്ടിഫിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ വിദ്യാർത്ഥികളെ ഇക്കാര്യം അറിയിച്ചതായും സർവകലാശാല അവകാശപ്പെട്ടു.
ഈ മാസം 11, 13 തീയതികളിൽ നടന്ന എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി, എൻവയൺമെന്റൽ സയൻസസ്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ 23 ന് അതത് പഠന വകുപ്പുകളിൽ വീണ്ടും നടത്തും. ഇത്തവണ എഴുതിയവർക്ക് ഇനിയൊരു അവസരം കിട്ടില്ല.
പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ ലോഗിൻ ചെയ്യുകയും പുതുതായി രജിസ്റ്റർ ചെയ്യുകയും എഴുതാൻ കഴിയാത്തതിന്റെ കാരണം വിശദീകരിക്കുകയും വേണം. ചൊവ്വാഴ്ച രാവിലെ 11 മുതൽ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണ് രജിസ്ട്രേഷൻ. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഉടൻ തന്നെ പുതിയ ഹാൾടിക്കറ്റ് ലഭിക്കും.