Spread the love

കണ്ണൂർ: മുസ്ലീം പള്ളികളിൽ നടത്തുന്ന മതപ്രഭാഷണങ്ങൾ വർഗീയ വിദ്വേഷം വളർത്താൻ പാടില്ലെന്ന് കാണിച്ച് മയ്യിൽ പോലീസ് പുറത്തിറക്കിയ സർക്കുലറിൽ വിശദീകരണവുമായി സർക്കാർ. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുമാമസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് നടക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അത്തരമൊരു അറിയിപ്പ് തികച്ചും അനാവശ്യവും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. സർക്കാർ നയം മനസിലാക്കാതെയാണ് മയ്യിൽ എസ്.എച്ച്.ഒ തെറ്റായ നോട്ടീസ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് ഡി.ജി.പി അദ്ദേഹത്തെ നീക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്ത് വലിയ തോതിൽ സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മതസ്ഥാപനങ്ങളും ജനങ്ങളും ഒന്നടങ്കം തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാനപൂർണമായ ജീവിതവും കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. ജുമാമസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നുണ്ടെന്ന് സർക്കാരിന് അഭിപ്രായമില്ല. അതുകൊണ്ടാണ് വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. സാമുദായിക സൗഹാർദ്ദത്തിന്റെ പ്രാധാന്യവും ആവശ്യകതയും തിരിച്ചറിഞ്ഞ് ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

By newsten