Spread the love

പാലക്കാട്: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. അഫ്സർ ഖാൻ എന്നയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അഫ്സർ ഖാന്‍റെ വീട്ടിൽ ആണ് സൂക്ഷിച്ചിരുന്നത്. അഫ്സർ ഖാന്‍റെ വീട്ടിൽ നിന്ന് ഒരു ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ ബന്ധുവാണ് അഫ്സർ ഖാൻ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസ് എൻഐഎക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് ശുപാർശ. കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്ന ഡിഐജിയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘവും പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്. പൊലീസ് കണ്ടെടുത്ത 75 കിലോ സ്ഫോടക ചേരുവകൾ എങ്ങനെ ശേഖരിച്ചുവെന്ന് കണ്ടെത്താനാണ് ശ്രമം.

സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ജമേഷ മുബീൻ പങ്കുവച്ച വാട്സാപ്പ് സ്റ്റാറ്റസാണ് ചാവേർ ആക്രമണത്തിന്‍റെ സംശയം ബലപ്പെടുത്തുന്നത്. എന്‍റെ മരണവിവരം അറിഞ്ഞാൽ തെറ്റുകൾ ക്ഷമിക്കണം, ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കണം, പ്രാർത്ഥിക്കണം എന്നതായിരുന്നു സ്റ്റാറ്റസിൻ്റെ ഉള്ളടക്കം. കോയമ്പത്തൂരിലെ ക്ഷേത്രങ്ങളുടെയും പ്രധാന സർക്കാർ ഓഫീസുകളുടെയും വിശദാംശങ്ങളും സംശയാസ്പദമായി ജമേഷിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയിലിനെ മൂന്ന് വർഷം മുമ്പ് ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐഎസ് ബന്ധത്തിന്‍റെ പേരിലാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

By newsten