ദക്ഷിണകൊറിയ: പ്രകൃതിദുരന്തങ്ങളോ സമാനമായ അപകടങ്ങളോ മൂലം മണ്ണിനടിയിൽ അകപ്പെട്ടവർക്കായുള്ള തെരച്ചിൽ നടത്തുമ്പോൾ, ഇരുപത്തിനാലു മണിക്കൂറിനുശേഷം രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ മങ്ങാൻ തുടങ്ങും. എന്നിരുന്നാലും, അത്ഭുതങ്ങൾ സംഭവിച്ചേക്കാമെന്ന പ്രതീക്ഷയിൽ അവർ രക്ഷാപ്രവർത്തനം തുടരും.
മണ്ണിനടിയിൽ കുടുങ്ങുമ്പോൾ, അപകടത്തിൽപ്പെട്ടവർ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കാവുന്ന ഒരു ദാരുണമായ അവസ്ഥയാണിത്.
എന്നാൽ ദക്ഷിണ കൊറിയയിൽ ഒരു ഖനി തകർന്നതിനെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികൾ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിച്ചുകൂട്ടിയത് ഒമ്പത് ദിവസമാണ്. അതും കാപ്പിപ്പൊടിയും വെള്ളവും മാത്രം കഴിച്ച്. വലിയൊരു സിങ്ക് ഖനിയിൽ ജോലി ചെയ്തിരുന്നവരാണ് അപകടത്തിൽ മണ്ണിനടിയിൽ പെട്ടത്.