Spread the love

തിരുവനന്തപുരം: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമയെ വിധവയാക്കിയത് അവരുടെ വിധിയാണെന്ന് നിയമസഭയിൽ അപമാനിച്ച മുൻ മന്ത്രി എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എം.എം. മണിയുടെ അപകീർത്തികരമായ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ തുടക്കത്തിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. രമയെ അപമാനിച്ച എം.എം.മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

‘എം.എൽ.എയെ അപമാനിച്ച അംഗം മാപ്പ് പറഞ്ഞില്ല. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യകരമായിരുന്നു. ടി.പിയെ കൊന്നത് പാർട്ടി കോടതിയുടെ വിധിയാണ്. ആ പാർട്ടി കോടതിയിലെ ജഡ്ജി ആരാണെന്ന് എന്നെക്കൊണ്ട് പറയിക്കരുത്’. നിയമസഭയിൽ ടി.പിയുടെ വിധവയെ സി.പി.എം അപമാനിച്ചെന്നും സതീശൻ ആരോപിച്ചു.

മണിയുടെ പരാമർശം പാർലമെന്‍ററി വിരുദ്ധമാണെങ്കിൽ രേഖയിൽ നിന്ന് നീക്കം ചെയ്യാമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. മറ്റ് കാര്യങ്ങൾ പരിശോധിക്കേണ്ടി വരുമെന്നും സ്പീക്കർ പറഞ്ഞു.

By newsten